രാജാക്കൻമാർക്കും രാജ്ഞിമാർക്കും മന്ത്രവാദിനികൾക്കും ഡ്രാഗണുകൾക്കും ഇടയിൽ തെളിഞ്ഞ് നിൽക്കുന്ന ഒരു കഥാപാത്രമുണ്ട് ഗെയിം ഓഫ് ത്രോൺസിൽ. കൂർമ്മ ബുദ്ധിശക്തി കൊണ്ടും രസകരമായ സംഭാഷണങ്ങൾ കൊണ്ടും ശക്തമായ ഇടപെടലുകൾ കൊണ്ടും ആരാധകരെ ത്രസിപ്പിക്കുന്ന ടൈറിയൻ ലാനിസ്റ്റർ എന്ന മനുഷ്യൻ..
പരുക്കൻ ശബ്ദം കൊണ്ടും അതിമനോഹരമായ അഭിനയശേഷി കൊണ്ടും ഈ കഥാപാത്രത്തെ അനശ്വരമാക്കിയ പീറ്റർ ഡിംഗ്ലേജിൻെറ ജീവിതം നിങ്ങൾക്ക് ഒരു ലക്ഷ്യം ഉണ്ടെങ്കിൽ അത് നേടുക തന്നെ ചെയ്യുമെന്നതിനു ഉദാഹരണമാണ്.
ഒരു ഇൻഷൂറൻസ് ഏജൻറിൻെറയും സംഗീത അധ്യാപികയുടെയും മകനായി ന്യൂജഴ്സിയിലാണ് പീറ്ററിൻെറ ജനനം.
പൊക്കം കുറവായതിനാൽ ചെറുപ്പം തൊട്ടേ നേരിട്ട അവഗണനകൾക്ക് കണക്കില്ല. സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ കൊച്ചു പീറ്റർ അഭിനയത്തിൽ അതീവ താൽപര്യമുള്ളവനായിരുന്നു. സ്കൂളിലും കോളേജിലുമൊക്കെ തൻെറ അഭിനയപ്രകടനം കൊണ്ട് പീറ്റർ എല്ലാവരെയും കയ്യിലെടുത്തു.
അഭിനയം കരിയറായി കൊണ്ടു പോവാൻ തീരുമാനിച്ച അദ്ദേഹം നേരിട്ട പ്രതിസന്ധികൾ ചില്ലറയല്ല.ഇങ്ങനെ ഒരാളെ ആരാണ് നായകനാക്കാൻ പോവുന്നത്.തുടക്കത്തിൽ ആരും പരിഗണിച്ചില്ല. ഒന്നിലും തളരാതെ അഭിനേതാവാകും എന്ന ഉറച്ച വിശ്വാസത്തോടെ ന്യൂയോർക്കിൽ തങ്ങി.
തുടക്കത്തിൽ കിട്ടിയ കഥാപാത്രങ്ങളിൽ മിക്കതും പീറ്ററിൻെറ വൈകല്യത്തെ ഉപയോഗിക്കാൻ മാത്രം ഉള്ളതായിരുന്നു. കോമാളിയായിട്ടായിരുന്നു അത്തരത്തിലുള്ള കഥാപാത്രങ്ങൾ. പക്ഷേ അത്തരത്തിലുള്ള റോളുകൾ തനിക്ക് വേണ്ടെന്ന് പീറ്റർ തുറന്നു പറഞ്ഞു. തനിക്ക് വേണ്ടി നിർമ്മിക്കുന്ന കോമാളി കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താൽപ്പര്യമില്ലെന്നായിരുന്നു അദ്ദേഹത്തിൻെറ നിലപാട്..
സിനിമയുടെ ഗ്ലാമർ ലോകത്ത് വിട്ടുവീഴ്ചകൾ ചെയ്യാതെ പിടിച്ച് നിൽക്കുകയെന്നത് ഏറെ പ്രയാസകരമായിരുന്നിടത്താണ് പീറ്റർ വേറിട്ട വഴി വെട്ടിത്തുറന്നത്. 2003ൽ പുറത്തിറങ്ങിയ 'സ്റ്റേഷൻ ഏജൻറ്' എന്ന ചിത്രമാണ് അദ്ദേഹത്തെ ആദ്യം ലോക ശ്രദ്ധയിലെത്തിച്ചത്. നിരൂപകരുടെ പ്രശംസയേറ്റു വാങ്ങിയ കഥാപാത്രമായിരുന്നു അത്.
എന്നാൽ ലോകം മുഴുവൻ ഏറ്റെടുത്ത കഥാപാത്രം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അതായിരുന്നു ഗെയിം ഓഫ് ത്രോൺസിലെ ടൈറിയൻ ലാനിസ്റ്റർ. ലോകം ആകാംക്ഷയോടെ കണ്ടിരിക്കുന്ന ടിവി സീരീസ് പീറ്ററിൻെറ ജീവിതം മാറ്റിയെഴുതി. ഗെയിം ഓഫ് ത്രോൺസിലേക്ക് ആദ്യം തെരഞ്ഞെടുക്കപ്പെടുന്ന താരം തന്നെ പീറ്ററായിരുന്നു. അഭിനയപ്രകടനം കൊണ്ട് ഏറെ പ്രശംസിക്കപ്പെട്ടിട്ടുള്ള ടിവി സീരീസിൽ ഏറ്റവും കൂടുതൽ കയ്യടി വാങ്ങുന്നത് ഇച്ഛാശക്തി കൊണ്ട് ലോകം കീഴടക്കിയ ഈ കൊച്ച് മനുഷ്യനാണ്.
Advertisement